രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ പുതപ്പിനടിയില്‍ മൂര്‍ഖന്‍ പാമ്പ്; പേടിച്ചുവിറച്ച് ഓടിയൊളിച്ച് വീട്ടുടമസ്ഥന്‍
1 min read
പാമ്പുകള്‍ ചില്ലറക്കാരല്ല. നമ്മള്‍ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത സ്ഥലത്ത് ഒളിച്ചിരിക്കാന്‍ മിടുക്കരാണ് ഇവര്‍. അപ്രതീക്ഷിതമായ ഇത്തരം കണ്ടുമുട്ടലുകള്‍ പലപ്പോഴും നമ്മളെ ഭയചകിതരാക്കി മാറ്റും. ഇത്തരത്തില്‍ വീടിനുള്ളിലും എന്തിനേറെ പറയുന്നു കട്ടിലില്‍ നിന്നു പോലും പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പാമ്പുകളെ കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ അത്ഭുതപ്പെട്ടു പോകും. ഇത് എപ്പോള്‍ എവിടെ നിന്ന് വന്നു എന്ന് തോന്നി പോവുകയും ചെയ്യും.
സ്വപ്നത്തില്‍ പോലും പാമ്പുകള്‍ വന്നാല്‍ പേടിച്ചു വിറക്കുന്ന നമ്മള്‍ ഒരു രാത്രി മുഴുവനും ഒരേ പുതപ്പിനുള്ളില്‍ പാമ്പിനൊപ്പമാണ് ഉറങ്ങിയത് എന്നറിയുമ്പോള്‍ എന്തായിരിക്കും അവസ്ഥ. ജീവന്‍ പോകാതിരുന്നാല്‍ ഭാഗ്യം അല്ലേ? അത്തരത്തില്‍ ഒരു ഭീകരമായ അവസ്ഥയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ സിറോഞ്ജ ഗ്രാമത്തിലെ ഒരു വീട്ടുടമസ്ഥന് ഉണ്ടായത്. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ പുതപ്പിനിടയില്‍ തന്നോടൊപ്പം ഒരു കരിമൂര്‍ഖനെ കണ്ട് പേടിച്ചുവിറച്ച വീട്ടുടമ ഓടി ഒളിച്ചു. പിന്നീട് ഒരു പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടിയത്.
രാവിലെ ആറുമണിയോടെയാണ് അയാള്‍ ഉറക്കം ഉണര്‍ന്നത്. എഴുന്നേറ്റിരുന്ന് പുതപ്പ് ദേഹത്തു നിന്ന് മാറ്റിയപ്പോള്‍ പുതപ്പിനിടയില്‍ മറ്റ് എന്തോ കൂടി തടയുന്നതായി അയാള്‍ക്ക് തോന്നി. പുതപ്പ് വിടര്‍ത്തി നോക്കിയ ആ മനുഷ്യന്‍ അലറി കരഞ്ഞുകൊണ്ട് പുതപ്പ് വലിച്ചെറിഞ്ഞു. നീളവും വണ്ണവും ഒരുപോലെയുള്ള ഒരു കരിമൂര്‍ഖന്‍. ഭയന്ന് പുറത്തേക്കിറങ്ങി ഓടിയ ഇയാള്‍ നാട്ടുകാരോട് വിവരം പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ പാമ്പ് പിടുത്തക്കാരനെ വിവരം അറിയിച്ചു. പാമ്പുപിടുത്തക്കാരന്‍ മുറിയില്‍ പരിശോധന നടത്തുമ്പോഴും പുതപ്പിനടിയില്‍ സുഖനിദ്രയില്‍ ആയിരുന്നു കരിമൂര്‍ഖന്‍.
പുതപ്പിനടിയില്‍ നിന്നും പാമ്പുപിടുത്തക്കാരന്‍ കരിമൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. തന്റെ സുഖനിദ്ര തടസ്സപ്പെടുത്തിയതില്‍ ആയിരിക്കണം നല്ല കലിപ്പിലാണ് വീഡിയോയില്‍ പാമ്പിനെ കാണാന്‍ കഴിയുന്നത്. പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിരവധി തവണ പാമ്പ് പത്തിവിടര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ പിടികൂടി വീടിന് പുറത്തേക്ക് കൊണ്ടു വരുമ്പോള്‍ വീണ്ടും വീടിനകത്തേക്ക് ഇഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും കുറച്ചധികം സമയത്തെ പരിശ്രമത്തിന് ഒടുവിലാണ് കരിമൂര്‍ഖന്‍ പാമ്പുപിടുത്തക്കാരനെ അനുസരിച്ച് തുടങ്ങിയത്.
കരിമൂര്‍ഖന്‍ പാമ്പുകള്‍ വംശനാശഭീഷണി നേരിടുന്നവയല്ല, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ സാധാരണമാണ്. ഈ മൂര്‍ഖന്‍ പാമ്പുകള്‍ മാരകമായ വിഷമുള്ളവയാണ്.