ബംഗാള്‍ ‘ഇന്ത്യ’ യിലില്ലേ
1 min read
മമതയുമായി സഖ്യമില്ലെന്ന് ബംഗാള്‍ സി.പി.എം
ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സഖ്യത്തിന് തുടക്കത്തിലേ തിരിച്ചടി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായ മമതാ ബാനര്‍ജിയുടെ ബംഗാളില്‍ തൃണമൂലുമായി സഖ്യത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ സി.പി.എം ബംഗാള്‍ ഘടകം. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ ബംഗാളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുമെന്ന ബംഗാളിലെ സി.പി.എം തീരുമാനിച്ചു. തൃണമൂലിനും സി.പി.എമ്മിനും പൊതുവായി ബി.ജെ.പി ശത്രുവാണെങ്കിലും ബി.ജെ.പിയെ തോല്പിക്കാനായി ബംഗാളില്‍ മമതയുമായി കൂടില്ലെന്ന് സി.പി.എം സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തില്‍ തങ്ങളിക്കാര്യം പറഞ്ഞിട്ടുണ്ട്. ബംഗാളില്‍ ഇടതുമുന്നണി തോല്ക്കുകയും മമത അധികാരത്തിലെത്തുകയും ചെയ്തപ്പോള്‍ തങ്ങളുടെ കേഡര്‍മാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും വീടുകളാക്രമിക്കുകയും പലായനം ചെയ്യിപ്പിക്കുയും ചെയ്തു. പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചു. അത് ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും ബംഗാളില്‍ നിന്നുള്ള ഒരു സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത്തിരഞ്ഞെടുപ്പിലും തൃണമൂല്‍ ആക്രമണം അഴിച്ചുവിട്ടു. പലയിടത്തും സി.പി.എം സ്ഥാനാര്‍തഥികളെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍പോലും അനുവദിച്ചില്ല. അവരെ ഭീഷണിപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ബൂത്ത് പിടിത്തം നടത്തി. അങ്ങനെയൊരു പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പില്‍ നീക്കുപോക്കോ സഖ്യമോ നടത്താനാവില്ലെന്നാണ് ബംഗാള്‍ സി.പി.എമ്മിന്റെ നിലപാട്. തൃണമൂല്‍ നയങ്ങളാണ് ബംഗാളിനെ നശിപ്പിക്കുന്നത്.
മമതയെ എതിര്‍ത്താലേ ആദ്യം പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാവാന്‍ കഴിയൂ. അന്തിമമായി ഞങ്ങള്‍ അധികാരം പിടിച്ചെടുക്കുമെന്നും മുന്‍ ഇടതുമന്ത്രിസഭയിലെ അംഗം കൂടിയായസി.പി.എം നേതാവ് പറഞ്ഞു.
തൃണമൂലുമായി എന്തെങ്കിലുംധാരണയ്ക്കാണ് നേതൃത്വം തയ്യാറാവുന്നതെങ്കില്‍ പാര്‍ട്ടി അണികള്‍ നേതൃത്വത്തിന് മാപ്പ് തരില്ല.
താഴെക്കിടയില്‍ ഞങ്ങളുടെ പാര്‍ട്ടിയും തൃണമൂലും തമ്മില്‍ സംഘര്‍ഷമാണ്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അങ്ങനെയൊരു പാര്‍ട്ടിയുമായി എങ്ങനെയാണ് സഖ്യമുണ്ടാക്കുക.
തൃണമൂലിന് വോട്ട് ചെയ്യാന്‍ നേതാക്കള്‍ പറഞ്ഞാലും സി.പി.എം അണികള്‍ വോട്ട്‌ചെയ്യില്ല. സീതാറം യച്ചൂരി മമതാ ബാനര്‍ജിയോടൊപ്പം വേദി പങ്കിടുകയും അഭിവാദ്യങ്ങളര്പ്പിക്കുകയും ചെയ്യുന്നത് ബംഗാളിലെ സി.പി.എം പ്രവര്‍ത്തകരുടെ ആത്മാഭിമാനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
താഴെ അണികള്‍ അടിവാങ്ങുന്നു. എന്നാല്‍ നേതാക്കള്‍ വേദിയിലിരുന്ന് കെട്ടിപ്പിടിക്കുന്നു. ഇത് അണികളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. നേതൃത്വം അങ്ങനെ ചെയ്യരുതായിരുന്നു. തൃണമൂല്‍- സി.പി.എം നേതാക്കള്‍ തമ്മില്‍ രഹസ്യധാരണയുണ്ടോ എന്നാണ് സി.പി.എംഅണികള്‍ചോദിക്കുന്നത്.
സീതാറാം യച്ചൂരി പറഞ്ഞത് ബംഗാളിലെ സ്ഥിതി പരിഗണിച്ച് തൃണമൂലിനെതിരെ സി.പി.എം സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതില്‍ തെറ്റില്ലെന്നാണ്.
ഇതേ പോലെയാണ് ബംഗാളിലെ കോണ്‍ഗ്രസിന്റെയും .അധീര്‍ രഞ്ജന്‍ ചൗധരി തൃണമൂലിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നേതാവാണ്. പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യംസംസാരിച്ചെന്നാണ് ചൗധരിയും പറയുന്നു.
സി.പി.എമ്മും കോണ്‍ഗ്രസും തൃണമൂലുമായി സഖ്യമുണ്ടാക്കിയാല്‍ തൃണമൂല്‍ വിരുദ്ധ വോട്ടൊക്കെ ബി.ജെ.പി കൊണ്ടുപോകുമെന്നും കോണ്‍ഗ്രസ് നേതാവ് സുകുമാര്‍ ഘോഷ് പറയുന്നു. അന്തരിച്ച പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയും മുന്‍ കേന്ദ്രമന്ത്രിയുമായ ദീപാദാസ് മുന്‍ഷിയും തൃണമൂലുമായി കൂട്ടുകുടുന്നതിനെതിരാണ്.