മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം; പ്രതി മറ്റൊരു വീട്ടിലും അക്രമത്തിന് ശ്രമിച്ചെന്ന് സൂചന
1 min read
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ നാലാം ദിവസവും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. എല്‍എംഎസ് ജംഗ്ഷനില്‍ നിന്നും വാഹനം മടങ്ങിപ്പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ഡിസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
അതേസമയം, യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലര്‍ച്ചെ അക്രമിയെന്ന് സംശയിക്കുന്നയാള്‍ ഒരു വീട്ടിലും അക്രമം നടന്നുവെന്ന് വിവരം. സംഭവ ദിവസം പുലര്‍ച്ചെ മൂന്നരയ്ക്ക് ഒരാള്‍ കുറവന്‍ കോണത്തെ വീട്ടില്‍ കയറി ജനല്‍ ചില്ല് തകര്‍ത്തു. ഈ സംഭവത്തിലെ ദൃശ്യങ്ങളിലുളള ആള്‍ക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പറഞ്ഞു. 3.30 മണിക്ക് ശേഷം അക്രമി നന്ദന്‍കോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തില്‍ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എല്‍എംഎസ് ജംഗ്ക്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു. സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയെങ്കില്‍ അന്ന് തന്നെ പിടികൂടാനാകുമായിരുന്നു. രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കി.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ആശയക്കുഴപ്പമുണ്ടായത് കൊണ്ടാണ് അന്വേഷണം വൈകിയതെന്നും, ജാമ്യം ലഭിക്കാവുന്ന വകുപ്പ് ആദ്യം ചുമത്തിയത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് തിരുവനന്തപുരം ഡിസിപിയുടെ വിചിത്ര വിശദീകരണം. വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവം നടന്ന ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി വ്യക്തമാക്കി.