‘മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളെ ദൈവങ്ങളുമായി താരതമ്യം ചെയ്യരുത്’: കോണ്‍ഗ്രസ് നേതാവിന് ഹിമന്തയുടെ മറുപടി
1 min read
മതവികാരം വ്രണപ്പെടുത്തിയതിനു ബോറയ്‌ക്കെതിരെ പൊലീസ് കേസെടുത്താല്‍ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത
ഗോലാഘട്ട് ട്രിപ്പിള്‍ കൊലക്കേസില്‍ തന്റെ ലൗ ജിഹാദ് അവകാശവാദത്തെക്കുറിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ നടത്തിയ പരാമര്‍ശത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മതവികാരം വ്രണപ്പെടുത്തിയതിനു ബോറയ്‌ക്കെതിരെ പൊലീസ് കേസെടുത്താല്‍ അറസ്റ്റ് ചെയ്യുമെന്ന് ഹിമന്ത പറഞ്ഞു. തിങ്കളാഴ്ച, അസമിലെ ഗോലാഘട്ട് ജില്ലയില്‍ 25കാരന്‍ കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയശേഷം പൊലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. ഭര്‍ത്താവ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാളാണ്. ഭാര്യ ഹിന്ദു ആയതിനാല്‍ ലൗ ജിഹാദാണെന്നാണ് ഹിമന്തയുടെ വാദം.
ഇതിനോട് പ്രതികരിച്ച ബോറ പറഞ്ഞത് ഇങ്ങനെ : ”സ്‌നേഹത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്. കൃഷ്ണന്‍ രുക്മിണിയോടൊപ്പം ഒളിച്ചോടിയതുള്‍പ്പെടെ നമ്മുടെ പ്രാചീന ഗ്രന്ഥങ്ങളില്‍ നിരവധി കഥകളുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ വ്യത്യസ്ത മതക്കാരും സമുദായക്കാരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി വീണമീട്ടരുത്”എന്ന അദ്ദേഹം പറഞ്ഞു. എന്നാല്‍, ലവ് ജിഹാദും ഭഗവാന്‍ കൃഷ്ണന്റെയും രുക്മിണിയുടെയും പ്രണയകഥയും തമ്മില്‍ സമാന്തരപ്പെടുത്തുന്നത് അപലപനീയമാണെന്ന് ഹിമന്ത പറഞ്ഞു.
പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു മതംമാറ്റി വിവാഹം കഴിക്കുന്ന സാഹചര്യമാണ് ലൗ ജിഹാദെന്നും കൃഷ്ണന്‍ രുക്മിണിയെ മതം മാറാന്‍ നിര്‍ബന്ധിച്ചില്ലെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു. മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളെ ദൈവങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു പുരുഷന്മാര്‍ അവരുടെ സമുദായത്തിലെ സ്ത്രീകളെയും മുസ്‌ലിം പുരുഷന്മാര്‍ അവരുടെ സമുദായത്തിലെ സ്ത്രീകളെയും വിവാഹം കഴിച്ചാല്‍ രാജ്യത്ത് സമാധാനമുണ്ടാകുമെന്ന് ഹിമന്ത പറഞ്ഞു. ”രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ആളുകള്‍ പരസ്പരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യം ഉണ്ടായാല്‍, സ്‌പെഷല്‍ മാരേജ് ആക്ട് ഉണ്ട്. ആരും നിയമത്തിന്റെ പരിധി ലംഘിക്കരുത്. മതം മാറാന്‍ ആരെയും നിര്‍ബന്ധിക്കരുത്” എന്നും അദ്ദേഹം പറഞ്ഞു.
”ആളുകളെ അറസ്റ്റ് ചെയ്യുന്ന നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഭഗവാന്‍ കൃഷ്ണനെ വിവാദത്തിലേക്കു വലിച്ചിഴച്ചാല്‍, നിരവധി പേര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് കൊടുക്കും. പിന്നെ ഞാന്‍ എങ്ങനെ നടപടിയെടുക്കുന്നതില്‍നിന്ന് പൊലീസിനെ തടയും?’ എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിന് ഒരാള്‍ക്കെതിരെ ആരെങ്കിലും കേസെടുത്താല്‍ അറസ്റ്റ് ചെയ്യുമെന്നും ഭൂപന്‍ ബോറയുടെ പേര് പരാമര്‍ശിക്കാതെ ഹിമന്ത പറഞ്ഞു.