കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, പൊലീസുമായി ഉന്തും തള്ളും
1 min read
തിരുവനന്തപുരം: കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിഷയത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധക്കരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.