വിസി നിയമനം നടത്താന്‍ അര്‍ഹതയാര്‍ക്ക്, സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍

1 min read

ന്യൂ ഡല്‍ഹി: കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച് സര്‍ക്കാരിന് മുന്നറിയിപ്പുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയില്‍ ആശങ്ക നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിധി ആയുധമാക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ വി സിമാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള വിസി നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. വിസിമാരുടെ നിയമനത്തിനെതിരെ പരാതി നല്‍കിയവര്‍ കെടിയു വിധി തുടര്‍ നിയമപോരാട്ടത്തിന് ഉപയോഗിക്കും. കണ്ണൂര്‍ വിസി കേസ് സുപ്രീം കോടതി പരിഗണനയിലാണ്.

കെടിയുവില്‍ വി സി നിയമനത്തിന് പാനല്‍ നല്‍കുന്നതിന് പകരം ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയത്. കൂടാതെ സെര്‍ച്ച് കമ്മറ്റിയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രധാന വ്യക്തികള്‍ ഉണ്ടാകണമെന്ന യു ജി സി ചട്ടം മറികടന്ന് ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കി. യു ജി സി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹര്‍ജിക്കാന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമനം 2015 ലെ സാങ്കേതിക സര്‍വ്വകലാശാല നിയമത്തിലെ നടപടി ക്രമങ്ങള്‍ പാലിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2013 ലെ യു ജി സി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിലും നിയമനം നടത്താമെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ്.

2019 ലാണ് രാജശ്രീ എം എസിനെ വൈസ് ചാന്‍സലറായി നിയമിച്ചത്. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കയാണ് കോടതി ഉത്തരവിലൂടെ വിസി പുറത്തുപോകുന്നത്. സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിയുടെ സാധ്യത തേടുകയാണ് സര്‍ക്കാര്‍. കെടിയു വി സി സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട ഡോ എം എസ് രാജശ്രീയും ഹര്‍ജി നല്‍കാനാണ് ശ്രമിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.