‘തുനിവ്’ ഡബ്ബിംഗ് പൂര്‍ത്തിയാക്കി അജിത്ത്; പൊങ്കലിന് തമിഴില്‍ താരയുദ്ധം
1 min read
കോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത റിലീസിംഗ് സീസണ്‍ ആണ് പൊങ്കല്‍. തമിഴ് സിനിമയില്‍ ഏറ്റവുമധികം ഫാന്‍ ബേസ് ഉള്ള അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നു എന്നതാണ് വരുന്ന പൊങ്കല്‍ സീസണിനെ സംബന്ധിച്ച് സിനിമാപ്രേമികളില്‍ ഏറ്റവും കൌതുകം നിറയ്ക്കുന്ന കാര്യം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം വരിശിനൊപ്പം എത്തുന്ന അജിത്ത് കുമാര്‍ ചിത്രം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് ആണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന തുനിവിന്റെ ഒരു അപ്‌ഡേഷന്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിംഗ് അജിത്ത് കുമാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നതാണ് അത്.
ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള അജിത്ത് കുമാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള തന്റെ ചിത്രം കഴിഞ്ഞ വാരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.
വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍ , വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014 ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ജില്ലയും വീരവുമായിരുന്നു അന്നത്തെ ചിത്രങ്ങള്‍. അതേസമയം, തുനിവിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്!ഫ്‌ലിക്‌സ് ആണ്.