മസ്‌ക് ഏറ്റെടുത്താലും അനുസരിക്കേണ്ട നിയമം അനുസരിക്കണം; ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍

1 min read

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്താലും ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോട് കേന്ദ്ര ഐടി വകുപ്പ് വഹിക്കുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇത് വ്യക്തമാക്കിയത്. രാജ്യത്തെ പരിഷ്‌കരിച്ച ഐടി നിയമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരാന്‍ ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.

ട്വിറ്ററില്‍ നിന്നും ഉള്ളടക്കം നീക്കം ചെയ്യാനുള്ള ചില സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ട്വിറ്റര്‍ ജൂലൈയില്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ട്വിറ്ററിന്റെ പുതിയ ഉടമസ്ഥാവകാശം എന്തെങ്കിലും മാറ്റം വരുത്തുമോ എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഖാലിസ്ഥാനുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൌണ്ടുകള്‍, കര്‍ഷക സമരം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റുകള്‍, കോവിഡ്19 പാന്‍ഡെമിക് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ട്വിറ്റര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമകള്‍ ആരാണെന്ന് പരിഗണിക്കാതെ തന്നെ ഇത്തരം കമ്പനികള്‍ക്ക് രാജ്യത്ത് അനുസരിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും അതേപടി നിലനില്‍ക്കുമെന്ന് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതിനാല്‍, ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും ട്വിറ്റര്‍ പാലിക്കുമെന്ന പ്രതീക്ഷിക്കുന്നു കേന്ദ്ര സഹമന്ത്രി പറഞ്ഞു.

ബോളിവുഡ് താരം കങ്കണ റണാവത്തിനെപ്പോലുള്ള വ്യക്തികള്‍ക്കുള്ള ട്വിറ്റര്‍ നിരോധനത്തെക്കുറിച്ച് സര്‍ക്കാറിന്റെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കിയില്ല. ട്രംപ് അടക്കം അടുത്ത കാലത്ത് ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയ വ്യക്തികളുടെ കാര്യത്തില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ മാറ്റം വന്നേക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷം ഇന്ത്യയുടെ പുതിയ ഭേദഗതി ചെയ്ത ഐടി നിയമങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

അതേ സമയം ഏറ്റെടുത്ത് മണിക്കൂറുകളക്ക് ശേഷം ട്വിറ്ററിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുകയാണ് മസ്‌ക്. ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടു.

ഇടപാടിനെച്ചൊല്ലി ആറ് മാസത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷമാണു ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് ശേഷം മസ്‌കിന്റെ ആദ്യ നടപടിയാണ് ഇത്. നിയമ, നയം, ട്രസ്റ്റ് എന്നിവയുടെ തലവന്‍ വിജയ ഗദ്ദെ, 2017 മുതല്‍ ട്വിറ്ററില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ നെഡ് സെഗല്‍, 2012 മുതല്‍ ട്വിറ്ററില്‍ ജനറല്‍ കൗണ്‍സലായി സേവനമനുഷ്ഠിക്കുന്ന സീന്‍ എഡ്‌ജെറ്റും പിരിച്ചു വിട്ടവരില്‍ ഉള്‍പ്പെടുന്നു.

Related posts:

Leave a Reply

Your email address will not be published.