ഒരു കാന്താര പ്രതീക്ഷിക്കട്ടെ ; ‘മാളികപ്പുറം’ കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍
1 min read
ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിയുന്ന തീയ്ക്ക് മുന്നില്‍ ഉണ്ണി മുകുന്ദന്‍ നില്‍ക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍. പിന്നാലെ നിരവധി പേരാണ് സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

‘ഒരു കാന്താര പ്രതീക്ഷിക്കട്ടെ, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മറുപടിയുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തി. ‘കാന്താര മനോഹരമായ ഒരു സിനിമയാണ്. ഞങ്ങളും സ്വന്തമായി ഒരു മനോഹര സിനിമ ഉണ്ടാക്കുകയാണ്. ഇത് നിങ്ങളെ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. താരത്തിന്റെ കമന്റിന് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ്.