രണ്ട് വിരൽ പരിശോധനയ്ക്ക് എതിരെ കർശന നടപടി; സുപ്രീം കോടതി നിര്‍ദ്ദേശം
1 min read
ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധനയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ സുപ്രീം കോടതി. ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് വീണ്ടും പീഡനം നൽകുന്നതാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി നിരീക്ഷിച്ചു. പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു.മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ പരിശോധന അശാസ്ത്രീയമാണെന്ന് ഇതിന് മുമ്പും കോടതി വിധിച്ചിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ ലൈംഗീക പശ്ചാത്തലം ബലാത്സംഗം കേസിൽ പ്രസക്തമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രണ്ട് വിരൽ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച നിർദേശം എല്ലാവർക്കും കൈമാറാനാണ് നിർദേശം.