ശബരിമല വിശേഷം : തത്വമസി
1 min read
അയ്യപ്പമുദ്രയുള്ള മാല കഴുത്തിലണിഞ്ഞാൽ പിന്നെ ഞാനും നീയുമില്ല. വലിപ്പചെറുപ്പങ്ങളില്ല. എല്ലാവരും അയ്യപ്പൻമാരാണ്. സ്വാമി എന്നാണ് പരസ്പരം വിളിക്കുന്നത്.. സ്ത്രീകളാണെങ്കിൽ അവർ മാളികപ്പുറവും. മാലയിട്ട്, കറുപ്പുടുത്ത്, 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ, ഇരുമുടിക്കെട്ടുമായി വേണം അയ്യനെക്കാണാൻ എത്തേണ്ടത്. കല്ലും മുള്ളും താണ്ടി ശബരിമലയിൽ എത്തിയാലോ നമ്മെ വരവേൽക്കുന്നത് തത്വമസി എന്ന മഹാവാക്യവും. അത് നീ തന്നെയാകുന്നു എന്നാണ് അർത്ഥം. വ്രതമെടുത്ത്, മലകയറി നീ ആരെ കാണാൻ എത്തിയോ അയാൾ നിന്റെ ഉള്ളിൽ തന്നെയുണ്ട് എന്നാണർത്ഥം. ഭക്തനും ഭഗവാനും ഒന്നുതന്നെ എന്ന ബോധ്യം നൽകുന്ന മഹാവാക്യം. അദ്വൈതസിദ്ധാന്തം ലളിതമായി പറഞ്ഞു തരുന്ന ഇടം.
സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോം എന്ന ശരണമന്ത്രങ്ങളുടെ അർത്ഥവും മറ്റൊന്നല്ല. സ്വാമി നിന്റെ അകത്ത് ഓം, അയ്യപ്പൻ നിന്റെ അകത്ത് ഓം എന്നർത്ഥം. തത്വമസിയുടെ മറ്റൊരു വ്യാഖ്യാനം. നീ തന്നെയാണ് അയ്യപ്പൻ, നിന്റെ ഉള്ളിൽ കുടികൊള്ളുന്ന ചൈതന്യമാണ് അയ്യപ്പൻ.