കൊച്ചിയിലെ കൊലപാതകം: കൊല്ലപ്പെട്ടതാരെന്നും കൊലപാതകിയാരെന്നും തിരിച്ചറിയാനാവാതെ പൊലീസ്
1 min readകൊച്ചി: എറണാകുളം ഇളംകുളത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. മഹാരാഷ്ട്ര സ്വദേശിയെന്ന പേരിലാണ് ദമ്പതിമാര്‍ വീട് വാടകക്കെടുത്തതെങ്കിലും കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. യുവതിയും ഭര്‍ത്താവും വീട്ടുടമയ്ക്ക് നല്‍കിയിരുന്ന മേല്‍ വിലാസം വ്യാജമാണെന്ന് ഇതിനോടകം തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി ,റാം ബഹദൂര്‍ എന്നീ പേരുകളിലാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. രേഖകള്‍ വ്യാജമാണെന്ന് മനസിലായതോടെ ഇവരുടെ പേരടക്കമുള്ള മുഴുവന്‍ വിവരങ്ങളും കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്.
ഇളംകുളം ഗിരി നഗറിലെ വാടകവീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങളോളം പഴകിയ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് കഴിഞ്ഞ ദിവസം വീട് തുറന്ന് പരിശോധന നടത്തിയത്. വീട്ടിലോ പരിസരത്തോ കുറച്ച് ദിവസങ്ങളായി ആളനക്കം ഉണ്ടായിരുന്നില്ല.