വാളയാര്‍ പൊലീസ് മര്‍ദ്ദനം; 5 ദിവസത്തിന് ശേഷം നടപടിയെടുത്ത് പൊലീസ്

1 min read

പാലക്കാട്: വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്ത് പൊലീസ്. വാളയാര്‍ സിഐയ്ക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഐ പി സി 323, 324, 34 എന്നീ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ വകുപ്പില്‍ മാറ്റം വരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീകുമാറിനാണ് അന്വേഷണ ചുമതല. സഹോദരങ്ങള്‍ പരാതി നല്‍കി 5 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. ഹൃദയസ്വാമിയുടെയും ജോണ്‍ ആല്‍ബര്‍ട്ടിന്റെയും മൊഴി എടുത്തു.

സംഭവത്തില്‍ വാളയാര്‍ സിഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിയിരുന്നു. കോഴിക്കോട് വളയം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നു. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയസ്വാമിയും ജോണ്‍ ആല്‍ബര്‍ട്ടും. ഇടയ്ക്ക് വെച്ച് കാര്‍ നിര്‍ത്തിയപ്പോള്‍ അതുവഴി എത്തിയ വാളയാര്‍ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോള്‍ കാറില്‍ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാര്‍ സിഐ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് മുഖ്യമന്ത്രിക്കും എസ്പിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.

കാറില്‍ നിന്ന് ഇറങ്ങി തടയാന്‍ ശ്രമിച്ച ജോണ്‍ ആല്‍ബര്‍ട്ടിനെയും ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്‌തെന്നും ഇവര്‍ പറയുന്നു. പരുക്ക് വകവെക്കാതെ പിന്നീട് ഇരുവരും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, മദ്യപിച്ചിരുന്ന ഹൃദയസ്വാമി പൊലീസിനോട് തട്ടിക്കയറുകയായിരുന്നെന്നാണ് വാളയാര്‍ പൊലീസിന്റെ വിശദീകരണം.

സംഭവത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി. വാളയാര്‍ സിഐയെ കുറിച്ച് പൊലീസിനകത്ത് തന്നെ വ്യാപക പരാതി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകരെ മാനസികമായി പീഡിപ്പിക്കുന്നുവെന പരാതിയില്‍ സിഐയെ സ്ഥലം മാറ്റണമെന്ന ആവശ്യം പൊലീസ് അസോസിയേഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് പിന്നലെയാണ് സിഐയെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

Related posts:

Leave a Reply

Your email address will not be published.