കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ 2 പ്രതികള്‍ കൂടി കീഴടങ്ങി
1 min read
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂടി കീഴടങ്ങി. ആറാം പ്രതി നിഖില്‍ സോമന് , ഏഴാം പ്രതി ജിതിന് ലാല്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയത്.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു. ഓഗസ്റ്റ് 30 നാണ് സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അലംഭാവം കാട്ടിയതില്‍ വിമുക്ത ഭടന്മാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു.
പ്രവേശന പാസ് അവശ്യപ്പെട്ടതാണ് അക്രമത്തിന് പ്രകോപനം. സുരക്ഷാ ജീവനക്കാരന് ദിനേശന്റെ പരാതിയില്‍ പൊലീസ് കേസ്സെടുത്തെങ്കിലും പ്രതികള്‍ക്കെതിരെ കാര്യക്ഷമമായ നടപടി ഇല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കെപിസിസി അംഗങ്ങളുടെ അടക്കം നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്വേഷണ ഘട്ടത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പരസ്യമായി രംഗത്ത് വന്നിരുന്നു.