നടൻ അക്ഷയ്കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം

1 min read

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു, വിവാദമായി ഓ മൈ ഗോഡ് 2

ബോളിവുഡ് നടൻ അക്ഷയ്കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് രാഷ്ട്രീയ ബജ്‌റംഗ്ദൾ.  അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയിൽ ഒഴിക്കുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്ന് രാഷ്ട്രീയ ബജ്‌റംഗ്ദൾ നേതാവ് ഗോവിന്ദ് പരാസർ പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രദർശനം നടക്കുന്ന ആഗ്രയിലെ തിയേറ്ററിനു മുന്നിൽ പ്രതിഷേധിച്ചവർ താരത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. ഓ മൈ ഗോഡ് 2 എന്ന സിനിമയിലൂടെ ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധവും തല്ലാനുള്ള ആഹ്വാനവും. റിലീസിനു മുൻപുതന്നെ ചിത്രത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ചിത്രം നിരോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുയർത്തുമെന്നും ഗോവിന്ദ് പരാസർ കേന്ദ്രസർക്കാരിനും സെൻസർബോർഡിനും മുന്നറിയിപ്പ് നൽകി.    
ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിലെ പൂജാരിമാരും ക്ഷേത്രപരിസരത്തെ സിനിമാപോസ്റ്ററുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.
ആത്മീയ നേതാവ് സ്വാധി ഋതംഭരയും ഓ മൈ ഗോഡ് 2 വിനെതിരെ രംഗത്തു വന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്. ഹിന്ദു വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചു പൊറുപ്പിക്കില്ല. ബോളിവുഡ് ഇത് തുടർന്നാൽ ഹിന്ദുക്കൾ റോഡിലിറങ്ങി പ്രതിഷേധിക്കും. അവർ അറിയിച്ചു.

2012ൽ പുറത്തിറങ്ങിയ ഓ മൈഗാഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2.  ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണീ ചിത്രം. സെക്‌സ് എഡ്യുക്കേഷൻ സംബന്ധിച്ച വിഷയമാണ് സിനിമ പറയുന്നത്.  ചിത്രത്തിൽ ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാർ എത്തുന്നത്. കൂടാതെ പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അമിത് റായ് ആണ്. ചിത്രത്തിലെ ഹർ ഹർ മഹാദേവ് എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. ആദ്യദിനം തന്നെ 9 കോടി നേടി ഓ മൈ ഗോഡ് 2.

Related posts:

Leave a Reply

Your email address will not be published.