മമ്മൂക്കാ , നിങ്ങളെ അഭിനന്ദിക്കാന്‍ ഞാനാരുമല്ല – ഹരീഷ് പേരടി
1 min readഎട്ടു തവണയാണ് സംസ്ഥാന പുരസ്കാരം മമ്മൂട്ടിയെ തലോടുന്നത്
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടിയെ അഭിനന്ദിച്ചു കൊണ്ടുള്ള നടന് ഹരീഷ് പേരടിയുടെ ‘ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. എട്ട് തവണയാണ് മമ്മൂട്ടി സംസ്ഥാന പുരസ്കാരം നേടുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. മമ്മൂട്ടിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആരുമല്ല. കഥപ്രാത്രങ്ങള്ക്കുവേണ്ടി മമ്മൂട്ടി സഹിച്ച സഹനവും സമരവുമാണ് അദ്ദേഹത്തിന് ലഭിച്ച വിജയം. ഞാനിത് എഴുതുമ്പോഴും ഏതെങ്കിലും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തിരക്കിലാവും അദ്ദേഹം. ഹരീഷ് പേരടി പറയുന്നു
അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക് :
എട്ട് തവണ..എത്ര തവണ ?..എട്ട് തവണ…ഒരു നടന് അയാളുടെ കൈയ്യില്‍ സംസ്ഥാന പുരസ്ക്കാരം തലോടുന്നു..കഥാപാത്രങ്ങള്‍ക്കുവേണ്ടി ഈ മനുഷ്യന് നടത്തുന്ന സഹനവും സമരവുമാണി വിജയം…ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടന് സമരസപ്പെടുമ്പോള്‍..ജയിംസില്‍ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തില്‍ നിന്ന് വീണ്ടും ജയിംസിലേക്കും മാറാന്‍ അയാളുടെ ആയുധം പകര്‍ന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉള്‍കിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു..മമ്മുക്കാ നിങ്ങളെ അഭിനന്ദിക്കാന്‍ ഞാന്‍ ആരുമല്ല…പകരം മമ്മുക്കാ മമ്മുക്കാ എന്ന് പലയാവര്‍ത്തി ഉറക്കെ വിളിച്ച് ഈ എഴുപത്തിരണ്ടാം വയസ്സിലും കത്തികൊണ്ടിരിക്കുന്ന അഭിനയത്തിന്റെ ചൂട് പറ്റാന്‍ ഇനിയും നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് മാത്രം..ഞാന്‍ ഇതെഴുതുമ്പോഴും മറ്റെതോ കഥാപാത്രത്തിനെ ആര്‍ത്തിയോടെ നിങ്ങള്‍ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ..ഹരീഷ് പേരടി…
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത് ആറ് തവണയാണ്.
84 ല്‍ അടിയൊഴുക്കുകള്‍
89 ല്‍ ഒരു വടക്കന്‍ വീരഗാഥ
94 ല്‍ വിധേയന്
2005 ല്‍ കാഴ്ച
2010 ല്‍ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
2023 ല്‍ നന് പകല്‍ നേരത്ത് മയക്കം.
1981 ല്‍ അഹിംസയിലൂടെ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി 1985 ല്‍ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് സ്പെഷല്‍ ജൂറി പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.